ഡയറക്ട് സെല്ലിങ്; മണി ചെയിൻ നിരോധിക്കും



തിരുവനന്തപുരം:ഡയറക്ട് സെല്ലിങ് കമ്പനികളുടെ ‘മണി ചെയിൻ’ രീതിയിലുള്ള ഉൽപന്ന വിൽപന നിരോധിക്കാൻ സംസ്ഥാനത്ത് കരടു മാർഗരേഖ തയാറായി. വിൽപന ശൃംഖലയിൽ കൂടുതൽപേരെ ചേർക്കുമ്പോൾ കണ്ണിയിലെ ആദ്യ വ്യക്തികൾക്കു പണവും കമ്മിഷനും ലഭിക്കുന്ന രീതി പറ്റില്ല. വിറ്റുവരവ്, ലാഭം എന്നിവയനുസരിച്ചാകണം കമ്മിഷനും ആനുകൂല്യങ്ങളുമെന്നും സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് തയാറാക്കിയ മാർഗരേഖയിൽ നിർദേശിക്കുന്നു.
ഡയറക്ട് സെല്ലിങ് / മൾട്ടിലവൽ മാർക്കറ്റിങ് മേഖലയിലെ തട്ടിപ്പ്, തൊഴിൽചൂഷണം, നികുതി വെട്ടിപ്പ് തുടങ്ങിയവ തടയാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുമായി സംസ്ഥാന നിരീക്ഷണ അതോറിറ്റി രൂപീകരിക്കും. കേന്ദ്ര സർക്കാരിന്റെ 2021ലെ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ (ഡയറക്ട് സെല്ലിങ്) പ്രകാരം സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിലാകും അതോറിറ്റി രൂപീകരിക്കുക. ചട്ടങ്ങൾ നടപ്പാക്കാനുള്ള അധികാരം കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറിയിരുന്നു.

തട്ടിപ്പു കണ്ടെത്തിയാൽ കമ്പനികളെ വിലക്കുപട്ടികയിലാക്കാനും നിരോധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും. ഉപഭോക്തൃകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയിൽ ഭക്ഷ്യ–പൊതുവിതരണ കമ്മിഷണർ നോഡൽ ഓഫിസറും കൺവീനറുമാകും. എഡിജിപി, ധനം, നിയമം, നികുതി, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, കേന്ദ്ര– സംസ്ഥാന ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിദഗ്ധ അംഗം എന്നിവരുമുണ്ടാകും. 

എല്ലാ ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളും അതോറിറ്റിയിൽ ജിഎസ്ടി റജിസ്ട്രേഷൻ, ബാലൻസ് ഷീറ്റ്, ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി റജിസ്റ്റർ ചെയ്യണം. സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ഉൽപന്ന/സേവന നിരക്ക്, നികുതി, ഷിപ്മെന്റ് നിരക്ക്, റീഫണ്ട് വ്യവസ്ഥകൾ, ഗാരന്റി, വാറന്റി, കേടായാൽ മാറ്റിനൽകാനുള്ള സൗകര്യം എന്നിവ വ്യക്തമാക്കണം. പരാതിപരിഹാരസംവിധാനവും വേണം. ‍‍ഡയറക്ട് സെല്ലിങ് രംഗത്തുള്ളവരുടെ എണ്ണം, വേതനം, ഉപഭോക്താക്കളുടെ എണ്ണം, ജിഎസ്ടി– ആദായനികുതി റിട്ടേണുകൾ തുടങ്ങിയവ സംബന്ധിച്ച് ത്രൈമാസ, വാർഷിക റിപ്പോർട്ടുകളും സമർപ്പിക്കണം. 

ഡയറക്ട് സെല്ലിങ് കമ്പനികളുമായും തൊഴിലാളി പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നികുതി വിദഗ്ധർ എന്നിവരുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയിൽ നേരിയ മാറ്റങ്ങൾ വരുത്തും.


പരാതിപരിഹാരം എളുപ്പമാകും

ഡയറക്ട് സെല്ലിങ് / മൾട്ടിലവൽ മാർക്കറ്റിങ് കമ്പനികളുടെ ചൂഷണത്തിന് ഇരയായാൽ വഞ്ചനക്കുറ്റത്തിനു പൊലീസിൽ പരാതി നൽകുന്നതായിരുന്നു ഇതുവരെ ഏക പോംവഴി. ഇതു ഫലപ്രദമല്ലായിരുന്നു.

എന്നാൽ, ഇനി പരാതികൾക്കു കമ്പനി പരിഹാരമുണ്ടാക്കുന്നില്ലെങ്കിൽ പരിശോധിച്ചു നടപടിയെടുക്കാൻ സർക്കാർ ജില്ലാതല ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇവർ നോട്ടിസ് നൽകി 10 ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ അതോറിറ്റി പരിഗണിക്കും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിക്കു സ്വമേധയാ നടപടി സ്വീകരിക്കുകയുമാകാം. വിവിധ എൻഫോഴ്സ്മെന്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്താനും അതോറിറ്റിക്ക് അധികാരമുണ്ട്.

ഉൽപന്നം ഇടനിലക്കാരില്ലാതെ ലഭ്യമാക്കുമ്പോൾ അതനുസരിച്ചു വില കുറയണം. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാൻ കൂടിയാണു മാർഗരേഖ കൊണ്ടുവരുന്നത്. കമ്പനികൾക്കല്ല, അന്യായ വ്യാപാര രീതികൾക്കാണു വിലക്കെന്നും വിദഗ്ധർ വ്യക്തമാക്കി.

Kerala to ban Money Chain Policy
Previous Post Next Post

RECENT NEWS