സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്ക് മാത്രം; വെളിച്ചം കാണാതെ വിദ്യാഭ്യാസ വകുപ്പിന്റെ ഫയലുകള്‍തിരുവനന്തപുരം:മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ല്‍ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്ന് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ്‌വാക്കായി.
കേരളത്തില്‍ ഒരുവര്‍ഷം ശരാശരി 1000 മുതല്‍ 1200 പേര്‍ വരെ മുങ്ങിമരിക്കുന്നുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. കൂടുതലും പതിനെട്ട് വയസിന് താഴെയുള്ളവര്‍. ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്.

തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജസ്റ്റിസ്. എന്‍എം പരീത് പിള്ള കമ്മീഷന്റെ 84 നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് കുട്ടികള്‍ക്കുള്ള നീന്തല്‍പഠനമായിരുന്നു. പലതവണകളിലായി നിരവധി പ്രഖ്യാപനങ്ങള്‍ മന്ത്രിമാരും നടത്തി. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും നീന്തല്‍ പഠിപ്പിക്കുമെന്നും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നീന്തല്‍കുളങ്ങള്‍ നിര്‍മിക്കുമെന്നും 2016ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രതികരണം. പിന്നാലെ വന്ന മന്ത്രി വി.ശിവന്‍കുട്ടിയും നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്നറിയിച്ചെങ്കിലും എല്ലാം വാക്കുകളില്‍ മാത്രമൊതുങ്ങി.

പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിയുടെ സാധ്യതകളന്വേഷിച്ചിറയപ്പോള്‍ സൗകര്യങ്ങളുടെ അപര്യാപ്തത തടസമായി. ഭൂരിഭാഗം വിദ്യാലയങ്ങള്‍ക്ക് സമീപവും കുളങ്ങളില്ല, കൂടുതല്‍ നീന്തല്‍ പരീശീലകരെ കണ്ടെത്തുന്നതിലെ പ്രതിസന്ധി എന്നിവ മുന്‍നിര്‍ത്തി ഉദ്യോഗസ്ഥര്‍ ഫയല്‍മടക്കി. താനൂര്‍ ബോട്ടപകടം ചര്‍ച്ചയാകുന്ന ഈ സമയത്തും സ്‌കൂളുകളില്‍ നീന്തല്‍പഠനം ഉറപ്പാക്കുമെന്ന പ്രഖ്യാപനം വന്നേക്കും. വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയല്ല, തടസങ്ങള്‍ നീക്കി അത് പാലിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

Govt not implement swimming teach at schools
Previous Post Next Post

RECENT NEWS